Wednesday 27 June 2012

വക്കം അബ്ദുല്‍ ഖാദര്‍ മൌലവി

ജീവിതരേഖ

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്ത് 1873-ൽ ജനിച്ചു. മൗലവിയുടെ പിതാവിൻറെ മാതൃകുടുംബം മധുരയിൽനിന്നും തെക്കൻ തിരുവിതാംകൂറിലെ കുളച്ചൽ, കളീക്കരയിൽ വന്ന് താമസിച്ചിരുന്നവരാണ്. മൗലവിയുടെ മാതാവ് ഹൈദരബാദിൽനിന്നും തിരുവിതാംകൂറിൽ വന്നു താമസമാക്കിയ ഒരു കുടുംബത്തിൽ പെട്ടവരാണ്. ആ കുടുംബത്തിലെ പല അംഗങ്ങളും തിരുവിതാംകൂർ ഗവൺമെന്റിൻറെ പട്ടാളവകുപ്പിൽ ഉദ്യോഗം വഹിച്ചിരുന്നു.
അബ്ദുൽഖാദർ മൗലവി അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. മുസ്ലിംങ്ങളുടെ സാമൂഹികോന്നതിക്കും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി, ബാല്യം മുതൽക്കേ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. കേരളത്തിലെ പത്രപ്രവർത്തനത്തിൻറെയും സാംസ്കാരിക സേവനത്തിൻറെയും രംഗങ്ങളിലാണ് ഇദ്ദേഹം ചിരപ്രതിഷ്ഠ നേടിയിരിക്കുന്നത്.

പത്രപ്രവർത്തനരംഗത്ത്

1905 ജനുവരി 19ന് സ്വദേശാഭിമാനിപത്രം പുറത്തിറക്കി. ബ്രിട്ടിഷ് കോളനിയായിരുന്ന അഞ്ചുതെങ്ങിൽ നിന്നുമാണ് സ്വദേശാഭിമാനി പത്രവും പ്രസ്സും പ്രവർത്തനം ആരംഭിച്ചത്. ചിറയിൻകീഴ് സ്വദേശി സി. പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപർ.1906-ൽ സ്വദേശാഭിമാനിയുടെ പ്രവർത്തനം വക്കത്തേക്കു മാറ്റപ്പെട്ടു. കെ. രാമകൃഷ്ണപിള്ളയെ ആണ് മൗലവി അപ്പോൾ സ്വദേശാഭിമാനിയുടെ പത്രാധിപരായി തിരഞ്ഞെടുത്തത്. 1907-ൽ രാമകൃഷ്ണപിള്ളയുടെ വിദ്യാഭ്യാസസൌകര്യത്തിനുവേണ്ടി അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം സ്വദേശാഭിമാനി തിരുവനന്തപുരത്തേക്കു മാറ്റപ്പെട്ടു. 1910 സെപ്. 26-ന് രാമകൃഷ്ണപിള്ളയെ സർക്കാർ ഒരു വിളംബരംമൂലം നാടുകടത്തുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു. കേരളത്തിലെന്നല്ല ഇന്ത്യയിലെങ്ങും ഇത്ര സുധീരമായി പ്രവർത്തനം നടത്തിയിട്ടുള്ള പത്രങ്ങൾ അധികമുണ്ടാകില്ല. നാടുകടത്തപ്പെട്ടതിനുശേഷം രാമകൃഷ്ണപിള്ള ദേശീയ പ്രവർത്തനങ്ങളിൽനിന്നും വിരമിച്ചതുപോലെ, മൗലവിയും അതിൽനിന്ന് പിൻമാറി.

നവോത്ഥാനരംഗത്ത്

സ്വദേശാഭിമാനിക്കുശേഷം മൗലവി മുസ്ളിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ജനുവരിയിൽ മുസ്ളിം, 1918-ൽ അൽ ‍ഇസ്ലാം. 1931-ൽ ദീപിക എന്നീ മാസികകൾ പ്രസിദ്ധപ്പെടുത്തി. ജാതിചിന്തകൾക്കതീതനായിരുന്ന അബ്ദുൽഖാദർ മൗലവി കേരളീയ മുസ്ളിം സമുദായത്തിലെ ഏറ്റവും വലിയ സാമൂഹികപരിഷ്കർത്താക്കളിലൊരാളായി അറിയപ്പെടുന്നു. അറബി-മലയാള ലിപി പരിഷ്കരണത്തിന് അൽ ‍ഇസ്ലാം മാസികവഴി ഇദ്ദേഹം വലിയ സേവനം നിർവഹിച്ചു. 'തിരുവിതാംകൂർ മുസ്ളിം മഹാസഭ'യും 'ചിറയിൻകീഴ് താലൂക്ക് മുസ്ളിം സമാജ'വും അവയ്ക്കു മുമ്പ് മറ്റനേകം സംഘടനകളും സ്ഥാപിച്ച അബ്ദുൽഖാദർ മൗലവി മുസ്ളിം സമുദായോദ്ധാരണത്തിന് ചെയ്തിട്ടുള്ള സേവനങ്ങൾ നിസ്തുലമാണ്. തിരുവിതാംകൂർ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന അറബിക് ബോർഡിന്റെ ചെയർമാനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് 1958-ലാണ് മൗലവിയുടെ പുത്രനായ വക്കം അബ്ദുൽ ‍ഖാദറിനു തിരിച്ചുകൊടുത്തത്.

മരണം

അബ്ദുൽഖാദർ മൗലവി, ഉദരരോഗംമൂലം 1932-ൽ നിര്യാതനായി

No comments:

Post a Comment