Wednesday, 27 June 2012

സയ്യിദ് സനാഉള്ളാ മക്തി തങ്ങള്‍

നവോത്ഥാന നാള്‍വഴികളില്‍ ജ്വലിക്കുന്ന കണ്ണിയാണ്‌ സയ്യിദ്‌ സനാവുല്ലാഹ്‌ മക്തി തങ്ങള്‍. ആയുഷ്‌കാലം മുഴുവന്‍ പോരാട്ടമാക്കിത്തീര്‍ത്ത അതുല്യ ജീവിതമായിരുന്നു തങ്ങളുടേത്‌. `മുജദ്ദിദ്‌' (നവോത്ഥാന നായകന്‍) എന്ന്‌ ഏതര്‍ഥത്തിലും പ്രയോഗിക്കാവുന്ന പേരാണ്‌ അദ്ദേഹത്തിന്റേത്‌. ബ്രിട്ടീഷുകാര്‍ ക്രൈസ്‌തവ മതസ്ഥാപനത്തിന്‌ സൂത്രങ്ങള്‍ മെനഞ്ഞപ്പോള്‍, പാണ്ഡിത്യവും കര്‍മശേഷിയും ആര്‍ജവവും കൈമുതലുള്ള മക്തിതങ്ങള്‍ നാവും പേനയുമായി പ്രതിരോധം തീര്‍ത്തു. സയ്യിദ്‌ അഹ്‌മദ്‌ തങ്ങളുടെ പുത്രനായി 1847ല്‍ വെളിയങ്കോട്ട്‌ ജനിച്ച്‌ 1912ല്‍ അന്തരിച്ച തങ്ങള്‍ ഒറ്റയ്‌ക്കു വികസിച്ച മഹാ പ്രസ്ഥാനമായിരുന്നു. അറബി, ഹിന്ദുസ്ഥാനി, പേഴ്‌സ്യന്‍, തമിഴ്‌, ഇംഗ്ലീഷ്‌ ഭാഷകളില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടറായി നിയോഗിച്ചെങ്കിലും 1882ല്‍ മുപ്പത്താറാം വയസ്സില്‍ ജോലി രാജിവെച്ചാണ്‌ എഴുത്തിലേക്കും പ്രഭാഷണങ്ങളിലേക്കും തിരിഞ്ഞത്‌.
അജ്ഞരായ ജനസമൂഹങ്ങളെ പാട്ടിലാക്കി, വെള്ളക്കാരനോടൊപ്പം, അവന്റെ മതവും ആധിപത്യത്തിന്‌ മുതിര്‍ന്നപ്പോള്‍ മക്തി തങ്ങളെന്ന നവോത്ഥാന നായകന്‍ ഉണര്‍ന്നു. അറുപത്തിയഞ്ചു വര്‍ഷത്തെ ആയുസ്സില്‍ മുപ്പത്‌ വര്‍ഷം കേരളമാകെ സഞ്ചരിച്ച്‌ പ്രഭാഷണങ്ങള്‍ നടത്തി. ക്രൈസ്‌തവ പാതിരിമാരോടെന്ന പോലെ, സമുദായത്തിലെ യാഥാസ്ഥിതികരോടും അദ്ദേഹം പടപൊരുതി.
``അടുക്കള വിട്ടുപോയില്ല;
അറിവുള്ളോരെ കണ്ടില്ല
അറിവുകളൊന്നും പഠിച്ചില്ല
ഫത്‌വക്കൊട്ടും മുട്ടില്ല.''
ഈ വചനം മക്തി തങ്ങളുടേതാണ്‌. വെളിയങ്കോട്‌ ഉമര്‍ ഖാദിയുടെ പ്രധാന ശിഷ്യനും സമുദായ നേതാവുമായിരുന്നു തങ്ങളുടെ പിതാവ്‌ സയ്യിദ്‌ അഹ്‌മദ്‌ തങ്ങള്‍. വെളിയങ്കോട്‌, മാറഞ്ചേരി, പൊന്നാനി പള്ളി ദര്‍സുകളില്‍ നിന്ന്‌ മക്തി തങ്ങള്‍ മതപഠനം നടത്തി.
ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും ക്രിസ്‌തുമത പ്രചാരകര്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഇസ്‌ലാമിനെയും പ്രവാചകനെയും നൃശംസിക്കുന്ന ലഘുലേഖകളും പ്രചരിപ്പിച്ചു. ക്രിസ്‌തുമതം സ്വീകരിക്കാന്‍ പാവപ്പെട്ടവരെ നിര്‍ബന്ധിക്കുകയും ചെയ്‌തു. ഈ കാഴ്‌ചയാണ്‌ മക്തി തങ്ങളെ വ്യസനത്തിലാഴ്‌ത്തിയത്‌. ആദ്യ പ്രതികരണം കഠോരകുഠാരം (1884) എന്ന ഗ്രന്ഥമായിരുന്നു. ദരിദ്രരായ ജനങ്ങളെ മുതലെടുത്ത്‌ മതം മാറ്റുന്നതിന്റെ അര്‍ഥശൂന്യതയായിരുന്നു ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഇസ്‌ലാമിനെതിരെയുള്ള കുപ്രചാരണങ്ങളെ മാത്രമല്ല, ഹിന്ദുക്കള്‍ക്കെതിരെയുള്ള പ്രചാരണങ്ങളെയും അദ്ദേഹം ചെറുത്തു. ``നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കവെ, ഹിന്ദുക്കളുടെ കണ്ണിലെ കരടിനെ തെരഞ്ഞു ശാസ്‌ത്രങ്ങളെയും ശാസ്‌ത്രകര്‍ത്താക്കളെയും വചനം കൊണ്ടും ലേഖനം കൊണ്ടും ആക്ഷേപിച്ചും നിന്ദിച്ചും വരുന്നത്‌ അന്യായവും അധിക പ്രസംഗവുമാകുന്നു'' എന്നെഴുതി, ഹിന്ദു ക്രിസ്‌തീയ മതങ്ങളെ താരതമ്യ പഠനം നടത്തുന്നു.
``ആദിമദ്ധ്യാന്ത വിഹീനനും അഖണ്ഡനും സംഭൂഖ സ്ഥാനം ഇല്ലാത്തവനും സര്‍വശക്തനും സര്‍വവ്യാപിയും വിശുദ്ധ ബ്രഹ്‌മവും സ്വയംഭൂവും ആകുന്നു'' -ദൈവവിശേഷണങ്ങള്‍ ഇങ്ങനെ സംക്ഷേപിച്ചെഴുതിയാണ്‌ ഗ്രന്ഥം അവസാനിക്കുന്നത്‌.
സംവാദശൈലിയുടെയും മത താരതമ്യപഠനത്തിന്റെയും പ്രാരംഭം മക്തി തങ്ങളില്‍ നിന്നായിരിക്കും. ബൈബിള്‍ വാക്യങ്ങളെ നിരന്തരം ഉദ്ധരിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളും രചനകളും ക്രിസ്‌ത്യാനികളെപ്പോലും ആശ്ചര്യപ്പെടുത്തും വിധത്തിലായിരുന്നുവെന്ന്‌, മക്തി തങ്ങളുടെ രണ്ടു പ്രഭാഷണങ്ങള്‍ നേരിട്ട്‌ കേട്ട സ്വാതന്ത്ര്യസമര സേനാനി ഇ മൊയ്‌തു മൗലവി പറയുന്നുണ്ട്‌. കഠോരകുഠാരത്തിന്നെഴുതിയ ആമുഖത്തില്‍ തങ്ങള്‍ എഴുതുന്നു: ``ഉപദേഷ്‌ടാക്കളുടെ വചനങ്ങള്‍ കേട്ടും ലേഖനങ്ങള്‍ വായിച്ചും സുവിശേഷങ്ങളോട്‌ യോജിപ്പിച്ചു നോക്കുമ്പോള്‍ കേവലം അസംബന്ധമായി കാണുക കൊണ്ടും കുത്സിത വചനങ്ങള്‍ കൂടെക്കൂടെ ചെവിട്ടില്‍ തറയ്‌ക്കുന്നതു കൊണ്ടും ഇതുവരെ മലയാളഭാഷയില്‍ സുവിശേഷ പരിശോധന കാണായ്‌കയാല്‍ ക്രിസ്‌തുമതത്തിന്റെ ഉപദേശ പ്രസാധനങ്ങളും പരിപാലന വൈചിത്ര്യങ്ങളും കണ്ട്‌ അല്‌പജ്ഞാനികള്‍ ആന്തരാര്‍ഥം ഗ്രഹിക്കാതെ പൊടുന്നനെ ചേര്‍ന്നുപോകുന്നതു കൊണ്ടും അന്യവേദമോ ശാസ്‌ത്രമോ ചേര്‍ക്കാതെ സുവിശേഷങ്ങളില്‍ നിന്നു തന്നെ ചില വാക്യങ്ങള്‍ എടുത്തു നിയമാനുസരണമായി ക്രിസ്‌ത്യാനികള്‍ അളന്നുവരുന്ന അളവിനാല്‍ തന്നെ അവര്‍ക്കും അളക്കുന്നു.''
ഹിന്ദുവേദങ്ങളെ സംബന്ധിച്ചും മക്തിതങ്ങള്‍ക്ക്‌ വ്യക്തമായ ജ്ഞാനമുണ്ടായിരുന്നു. കഠോരകുഠാരത്തില്‍ ചേര്‍ത്ത `താരതമ്യപട്ടിക'യില്‍ അക്കാര്യം വ്യക്തം. അദൈ്വത സിദ്ധാന്തത്തെ നിരൂപിച്ചെഴുതിയ ലാ മൗജൂദിന്‍ ലാ പോയിന്റ്‌' രസകരമായ ഒരുപന്യാസമാണ്‌. രാജഭക്തിയും ദേശാഭിമാനവും എന്ന കൃതിയില്‍ എഴുതി: ``പ്രിയജനമേ, മലയാളമെന്ന ദേശഭാഷയും ഇംഗ്ലീഷ്‌ ഭാഷയും പഠിക്കണമെന്നും ഗവണ്‍മെന്റുദ്യോഗം വരിക്കേണമെന്നും ഉപദേശിച്ചുവരുന്ന കാലത്തിനു പഴക്കവും എനിക്കു വാര്‍ധക്യവും വന്നെത്തി. ഇതുവരെ വഴിപ്പെടാതിരുന്നു എന്നു മാത്രമല്ല, എന്നില്‍ വൈരാഗ്യം പൂണ്ട്‌ ദുഷിക്കുന്നത്‌ എത്ര വ്യസനം! ദൈവവിശ്വാസവും ഭക്തിയും അത്യാവശ്യമാകുന്നു. അതേപോലെ രാജവിശ്വാസവും ആവശ്യമാകുന്നു. ഖുര്‍ആന്‍ പ്രമാണത്തില്‍ മൂന്നാം സ്ഥാനത്തു കാണുന്ന ആജ്ഞാശ്രേഷ്‌ഠന്‍ ഭരണാധിപനാണെന്നുണ്ടല്ലോ.''
വിശുദ്ധ ഖുര്‍ആന്‌ മലയാള ഭാഷാന്തരണം വരാത്തതില്‍ വ്യസനിച്ചു കൊണ്ടെഴുതി: ``ദേശഭാഷ പഠിക്കാതിരിക്കുന്നതില്‍ ജനം മാത്രമല്ല, മതവും ദോഷപ്പെടുന്നു. ഖുര്‍ആന്‍ പ്രമാണം മുതല്‍ പ്രമാണങ്ങള്‍ ഒന്നും ഭാഷപ്പെടാതിരിക്കുന്നു. ഇസ്‌ലാം താനും പ്രമാണം അറിയാതിരിക്കുന്നു. കൂടാതെ മലയാളം ക്രമമായി സംസാരിക്കാന്‍ അറിയാത്തതിനാല്‍ വേദപ്രമാണം ഭാഷപ്പെടുത്തി പഠിച്ചതു ഹിന്ദുസ്ഥാനീ ഭാഷയിലാണെന്നു മലയാളികളോടും ഹിന്ദുസ്ഥാനി സംസാരിക്കാന്‍ അറിയാത്തതുകൊണ്ട്‌ മലയാളത്തില്‍ ഭാഷപ്പെടുത്തി പഠിച്ചുവെന്നു ഹിന്ദുസ്ഥാനികളോടും പറഞ്ഞുവരുന്നു. സര്‍ക്കാര്‍ പള്ളിക്കൂടത്തിലേക്ക്‌ കുകളെ അയയ്‌ക്കാന്‍ ഉപദേശിക്കണമെന്ന്‌ മുസ്‌ലിയാമാരോട്‌ അപേക്ഷിക്കുന്നു.''
``നിങ്ങളുടെ പഴയതും പുതിയതുമായ നിയമങ്ങളിലെ ഓരോ വചനങ്ങളെ ആ നിയമങ്ങളിലെ ഓരോ വചനങ്ങളെക്കൊണ്ടു തന്നെ ന്യായം പറഞ്ഞ്‌ എണ്ണിയെണ്ണി ദുര്‍ബലപ്പെടുത്തി കാണിക്കുന്നതിനു എനിക്കു നല്ല ധൈര്യമുണ്ട്‌'' എന്ന്‌ അന്ന്‌ പറയണമെങ്കില്‍ ചെറിയ ആത്മധൈര്യമൊന്നും പോരാ!
മക്തിതങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ക്കെഴുതിയ ആമുഖത്തില്‍ ഡോ. എം ഗംഗാധരന്‍: ``ഈ വിധത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ മുസ്‌ലിംകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്‌തമാകുന്ന വിധത്തില്‍ പരിഷ്‌കൃതരായ കേരളത്തിലെ ആധുനിക മുസ്‌ലിം സമൂഹത്തെ രൂപപ്പെടുത്തുന്നതിന്റെ ആരംഭം കുറിച്ചതില്‍ സയ്യിദ്‌ സനാഉല്ലാഹ്‌ മക്തി തങ്ങള്‍ക്കാണ്‌ പ്രധാന പങ്ക്‌. ഏതാണ്ട്‌ അദ്ദേഹത്തിന്റെ സമകാലികരായിരുന്ന ശൈഖ്‌ മുഹമ്മദ്‌ ഹമദാനി തങ്ങള്‍ (മരണം 1922), ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി (1856-1919) എന്നീ പരിഷ്‌കര്‍ത്താക്കള്‍ ശ്രദ്ധേയരായിരുന്നെങ്കിലും മക്തി തങ്ങളുടേത്‌ പോലെ അവര്‍ക്ക്‌ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പരിഷ്‌കരണാശയങ്ങള്‍ കേരളത്തിലുടനീളം പ്രചരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. വക്കം അബ്‌ദുല്‍ഖാദിര്‍ മൗലവിക്ക്‌ (1868-1932) മാത്രമാണ്‌ എഴുത്തിലൂടെയും പ്രാഭാഷണങ്ങളിലൂടെയുമെന്നതു പോലെ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും പരിഷ്‌കരണാശയങ്ങള്‍ സമൂഹത്തില്‍ പരക്കെ സ്‌പര്‍ശിക്കുന്ന വിധത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചത്‌.''
മാതൃഭാഷ പഠിക്കാന്‍ മുസ്‌ലിംകളെ പ്രചോദിപ്പിച്ചത്‌ മക്തിതങ്ങളായിരുന്നു. മലയാളത്തില്‍ ഗദ്യമെഴുതിയ ആദ്യത്തെ മുസ്‌ലിം മക്തിതങ്ങളാണെന്ന്‌ ഡോ. ഗംഗാധരന്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്ങള്‍ എഴുതി: ``മലയാള ഭാഷ മാതൃഭാഷയായാലും അത്‌ `ഈമാന്‍' എന്ന വിശ്വാസ സംഗതികളെ ധരിപ്പിക്കുന്ന ഗുരുവായും, മരണം വരെയും മരണാനന്തരം താനും ദൈവത്തോട്‌ അപേക്ഷിപ്പാന്‍ തുണയായും ഇരിക്കുന്ന അവസ്ഥക്കു ആദ്യം പഠിച്ചുണരേണ്ടതായ ഈ ഭാഷയെ നിരസിച്ചും നിന്ദിച്ചും അഭ്യസിക്കാതിരിക്കുന്നത്‌ പടുമൂഢര്‍ക്കു മാത്രം അലങ്കാരമായിരിക്കും.''
അറബി ഒഴികെയുള്ള ഭാഷകള്‍ പഠിക്കുന്നത്‌ പാഴ്‌വേലയാണെന്ന്‌ സിദ്ധാന്തിച്ചവരോടും, മതപരമായി തെറ്റാണെന്ന്‌ വിലക്കിയവരോടും അദ്ദേഹം പോരാടി. ``മുഷിഞ്ഞ ബുദ്ധികളെ പുഴുക്കിലിട്ട്‌ തച്ചലക്കി ശുദ്ധമാക്കേണമെന്ന്‌ നാം പണ്ടു പണ്ടേ പറഞ്ഞുവരുന്നു'' എന്നുപോലും എഴുതി. സയന്‍സും ഫിലോസഫിയും യൂറോപ്പില്‍ പ്രചരിപ്പിച്ചത്‌ മുസ്‌ലിംകളാണെന്ന്‌ മുസ്‌ലിംകളെ ഉണര്‍ത്താന്‍ അന്നൊരു മക്തി തങ്ങള്‍ വേണ്ടിവന്നു.
``ജീവിതാവശ്യമായ പഠനങ്ങള്‍ ഒന്നും നമുക്ക്‌ വേണ്ട, രാജ്യസേവ, ഉദ്യോഗം മുതലായവ നമുക്ക്‌ കൊള്ളരുതാത്തത്‌, പരചിന്ത (പരലോക ചിന്ത) മാത്രം നമുക്കു വേണ്ടതാകുന്നു എന്നും മറ്റുമുള്ള ഉപദേശങ്ങള്‍ മൂത്ത മൂഢതയാകുന്നു'' എന്ന്‌ ചങ്കൂറ്റത്തോടെ മക്തിതങ്ങള്‍ എഴുതി. സമുദായത്തിന്നകത്തും ശത്രുക്കള്‍ പെരുകിയതിന്റെ കാരണമിതാണ്‌. മക്തി മനക്ലേശം എന്ന ആത്മകഥയില്‍ ഈ സങ്കടങ്ങളെല്ലാം കുറിക്കുന്നു.
``നമ്മുടെ പുറപ്പാട്‌ കേരളത്തില്‍ പുത്തന്‍ പുറപ്പാട്‌ ആയതുകൊണ്ടും നമുക്കടുത്തവരും അകന്നവരുമായ കുടുംബാദികളും അസ്‌മാദികളും സ്‌നേഹിതരും സഖികളുമായ സകലരും ഭയപ്പെട്ടു. നമ്മെ കുറ്റപ്പെടുത്തി ഒഴിഞ്ഞുനിന്നു. ധനം കൊണ്ടും ജ്ഞാനം കൊണ്ടും സഹായിക്കുന്നവര്‍ ഇല്ലാതെ നാം ഏകനായിത്തീര്‍ന്നു.''
മുസ്‌ലിംസമൂഹം എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന്‌ പിന്തുണയായത്‌ ഹിന്ദു സമൂഹത്തില്‍ നിന്നുള്ള ചിലരായിരുന്നു. ഹിന്ദുക്കളെ ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യാനുള്ള മിഷണറി ശ്രമങ്ങളെ എതിര്‍ത്തു തോല്‌പിച്ചതു കൊണ്ടാകാം ഇത്‌. ആദ്യ പത്രമായ പരോപകാരി മാസിക (1888) നടത്തുന്നതിന്‌ സഹായം നല്‌കിയത്‌ ഹിന്ദു സ്‌നേഹിതന്മാരായിരുന്നു.
``തിരുവനന്തപുരത്തെ ക്രിസ്‌ത്യാനികള്‍ കൂടിയാലോചിച്ച്‌ ഭയങ്കരമായ ക്രിമിനല്‍ ചാര്‍ജുകള്‍ നിര്‍മിച്ച്‌ അകപ്പെടുത്തിയതില്‍ ഇടം വലം നോക്കാതെ വ്യാകുലചിത്തനായി, പരിഭ്രമിച്ച്‌, ഇസ്‌ലാംജനം അടുത്തുവരാതെയും അടുപ്പിക്കാതെയും ഒഴിഞ്ഞുമാറി മറിഞ്ഞതിനാല്‍ പട്ടന്മാരുടെ ഭക്ഷണശാലയിലുണ്ടായ ചോറും ചാറും വാങ്ങി ആത്മാവിനെ രക്ഷിച്ചു. സത്യസ്വരൂപന്റെ കടാക്ഷം കൊണ്ടുണ്ടായ ഹിന്ദുജന സഹായം കൊണ്ട്‌ അവര്‍ (എതിരാളികള്‍) ഇളിഞ്ഞു; നാം രക്ഷപ്പെടുകയും ചെയ്‌തു.'' എങ്കിലും സമുദായത്തിനകത്ത്‌ കണ്ടുതുടങ്ങിയ പുത്തന്‍ ഉണര്‍വുകളില്‍ ആ പരിഷ്‌കര്‍ത്താവ്‌ ആശ്വസിച്ചു: ``ഇംഗ്ലീഷ്‌, മലയാളം ഹിന്ദുശാസ്‌ത്ര ഭാഷയായും ആകയാല്‍ അതുകള്‍ രണ്ടും പഠിക്കുന്നതില്‍ മതവിരോധമുണ്ടെന്നു ധരിപ്പിച്ചും വടക്കു മുതല്‍ തെക്കവസാനം വരെയുള്ള ജനം യോജിച്ചു കഴിഞ്ഞു.
ഈ അപകട അഭിപ്രായത്തില്‍ നിന്നു ജനങ്ങളെ വീണ്ടെടുക്കാനുള്ളതിലേക്ക്‌ വേണ്ടിവന്ന പ്രയാസം സ്വല്‌പമല്ല. ഇന്നും വിരോധിക്കുന്ന കപടബുദ്ധികള്‍ കിടപ്പുണ്ട്‌. ദൈവകടാക്ഷം കൊണ്ട്‌ ഇംഗ്ലീഷ്‌ ഭാഷാ വിദ്യാഭ്യാസം വടക്ക്‌ ആരംഭിച്ചു. ഉയര്‍ന്ന പരീക്ഷകള്‍ ജയിച്ചവരെ ഇസ്‌ലാം സമൂഹത്തില്‍ കാണാറായി. അവര്‍ ആക്ഷേപിക്കപ്പെടുന്നുമുണ്ട്‌. ഏതായാലും ഇതാ തെക്കെ അറ്റത്തും ഉത്സാഹികളെ കാണുന്നു. ലക്ഷണം ശുഭം തന്നെ. മലയാള ലേഖനങ്ങള്‍ വായിക്കുന്നവരും എഴുതുന്നവരും ജനസമുദായത്തിലിറങ്ങി പ്രസംഗിക്കുന്നവരുണ്ടെന്നു കണ്ടും കേട്ടും സന്തോഷിക്കുവാനുള്ള ഭാഗ്യം ഉണ്ടായി.''
പാര്‍ ക്കലീത്ത പോര്‍ക്കളം, സത്യദര്‍ശിനി, തൃശ്ശിവപേരൂര്‍ ക്രിസ്‌തീയ വായടപ്പ്‌, നബിനാണയം, തണ്ടാന്‍ കണ്‌ഠമാല, തണ്ടാന്റെ കൊണ്ടോട്ട ചെണ്ട, മക്തി സംവാദ ജയം മുക്തി വിളംബരം, ജയാനന്ദ ഘോഷം, സുവിശേഷ നാശം, അഹങ്കാരഘോഷം, പാദുവാദം പാതക പാതകം, മദ്യപാനം മശിഹാ മതാഭിമാനം, നീതിയാലോചന ഞാന്‍ ഞാന്‍ തന്നെ, മതമതിപ്പ്‌, സമ്മാനക്കുറിപ്പ്‌, മുസ്‌ലിം ജനവും വിദ്യാഭ്യാസവും, അമേരിക്ക കണ്ടവര്‍ ആര്‍, മുസ്‌ലിംകളും മരുമക്കത്തായവും, യൂദാസോ പിലാത്തോസോ, ഖുര്‍ആന്‍ വേദവിലാസം, ക്രിസ്‌തീയ മനപ്പൂര്‍വ മോഷണം മുഹമ്മദ്‌ നബി അവകാശപോഷണം, നാരീ നരാതിചാരി, ഒരു വിവാദം, ദൈവം, പാറാനിലെ പരിശുദ്ധന്‍ അഥവാ വാഗ്‌ദത്ത നബി, ലാ മൗജൂദിന്‍ ലാപോയിന്റ്‌, രാജഭക്തിയും ദേശാഭിമാനവും, ഹിന്ദു-മുഹമ്മദന്‍ സംവാദം തുടങ്ങിയവയായിരുന്നു തങ്ങളുടെ മറ്റു കൃതികള്‍.
പ്രസ്ഥാനങ്ങള്‍ വ്യക്തികളായി ചുരുങ്ങുന്ന നമ്മുടെ കാലത്ത്‌, ഒറ്റ വ്യക്തി മഹാപ്രസ്ഥാനമായി വികസിച്ച മക്തി തങ്ങളുടെ ചരിത്രം പ്രസക്തമാണ്‌. അരിപ്പൊടിയോടൊപ്പം ദൈവപുത്രനെയും `വിതരണം' ചെയ്‌ത്‌ വെള്ളക്കാരന്‍ മതത്തെ മുദ്രണം ചെയ്യാനൊരുങ്ങിയപ്പോള്‍, ഇങ്ങനെയൊരു മക്തിതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി? ജൈവ പ്രധാനമായ ഗതികേടുകള്‍ക്കു നടുവില്‍ തലകുനിച്ച്‌ ഏറ്റുവാങ്ങേണ്ടിയിരുന്ന മാമോദീസപ്പൊന്‍കുടത്തെ മക്തി തങ്ങള്‍ എന്ന വിപ്ലവകാരി തട്ടിത്തെറിപ്പിക്കുകയായിരുന്നു. ആളും അര്‍ഥവും പിറകിലുണ്ടോ എന്ന്‌ തിരിഞ്ഞുനോക്കാതെ നിയോഗം നിര്‍വഹിക്കാനാണ്‌ മക്തി തങ്ങള്‍ തീരുമാനിച്ചത്‌. അതു തന്നെയാണ്‌ ആ ജീവിതത്തില്‍ നിന്ന്‌ നമുക്കുള്ള സന്ദശവും!